tag:google.com,2010:buzz:z13ivflhwsudhtu2o22vjtwxixnce3fpc04
Syam Kumar R Syam Kumar R 108055984722888068103
Aug 02, 2011 Aug 02, 2011 Buzz Public
Reshared post from simy nazareth കൃഷ്ണനും രാധയും - ഇതോ പുത്യ പടം? ----------------------------...
tag:google.com,2010:buzz:z130tb0r0xjyyrukj22zslyy3tuyyjmqi04 Reshared post from simy nazareth
കൃഷ്ണനും രാധയും - ഇതോ പുത്യ പടം?
----------------------------------------------------

പ്രതിലോമകരമായ യാഥാർത്ഥ്യങ്ങളുടെ ദുഷിപ്പിൽ നിന്നും തലവെട്ടിച്ചൊഴിയാതെ വട്ടം ചുഴറ്റുന്ന സാമൂഹിക പരിതസ്ഥിതികളുടെ പ്രതിഫലനമാണ് സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും എന്ന ചലച്ചിത്രം. ഈ ചിത്രം കാണുമ്പോൾ ഇതോ പുതുമ? ഇതാണോ പുതുമ? ഇതുമാത്രമാണോ പുതുമ? ഇതല്ലേ പുതുമ? ഇതുതന്നെയല്ലേ പുതുമ? ഇതുതാനല്ലയോ അത് അല്ലെങ്കിൽ ദത് എന്നു നമ്മൾ ചോദിച്ചുപോകുന്നു.

ഒരു പണ്ഡിതനു സമൂഹത്തിൽ അയാളുടെ ജാതിവാൽ പ്രദർശിപ്പിക്കേണ്ട കാര്യമെന്ത്? സന്തോഷ് ഖാദർ എന്നോ സന്തോഷ് കുര്യാക്കോസ് എന്നോ പേരിടാതെ സന്തോഷ് പണ്ഡിറ്റ് എന്നു പേരിടുന്നതിൽ തന്നെ വ്യക്തമായ ജാതികളി കാണാം. മലയാള സിനിമാ സംവിധായകരുടെയെല്ലാം പേരുകൾ ഇങ്ങനെയാണെന്നു കാഴ്ച്ചക്കാർ അവരുടെ മായക്കാഴ്ച്ചയുടെ ആഴമില്ലാപ്പരപ്പിലും ഉപരിപ്ലവതയിലും തിരിച്ചറിയണമെന്നില്ല. എന്നാൽ ബാലചന്ദ്ര മേനോൻ (മേനോൻ), ഷാജി കൈലാസ് (കൈലാസം - ശിവശൈലം - ഹിന്ദുമതസംജ്ഞ!), പുനം നമ്പൂതിരി, തുടങ്ങിയ സംവിധായകരുടെ നിരയിലേയ്ക്ക് മറ്റൊരു ജാതിക്കോമരം പ്രതിലോമതയുടെ കൊടുംകാറ്റ് വീശിക്കൊണ്ട് കടന്നുവരുമ്പോൾ എനിക്ക് ഒരു നിരൂപകൻ എന്ന നിലയിൽ കഷ്ടം എന്നേ പറയാനുള്ളൂ.

സിനിമയിലെ സീൻ 2 നോക്കുക. സന്തോഷ് പണ്ഢിറ്റ് തന്റെ mother-നെ (mother എന്നത് മലയാളത്തിൽ എഴുതിയാൽ ഞാൻ ഏതെങ്കിലും ജാതിയുടെ കൂടെയാന്ന് നിങ്ങൾ കണ്ടുപിടിച്ചുകളയും, അതോണ്ട് വേണ്ട) അമ്മേ എന്നു വിളിക്കുന്നത് ശ്രദ്ധിക്കുക. അമ്മേ എന്നത് വ്യക്തമായും ഹിന്ദുമതത്തിൽ ഉള്ളവർ mother-നെ വിളിക്കുന്ന പേരല്ലേ? അത് വിളിച്ചുകൊണ്ട് അദൃശ്യവും അല്പദൃശ്യവുമായ ജാതിചിന്തകൾ പ്രേക്ഷകചിന്തയിലേയ്ക്ക് ഇൻസുലിൻ പോലെ കുത്തിവെയ്ക്കാനാണ് സംവിധായകനായ സന്തോഷ് പണ്ഡിറ്റ് ശ്രമിക്കുന്നത്.

സിനിമയുടെ ആദ്യ സംഘട്ടന രംഗം ശ്രദ്ധിക്കുക. ഒരു ജുബ്ബാ ഇട്ട മനുഷ്യനെ സന്തോഷ് പണ്ഢിറ്റ് ഇടിക്കുന്നത് കാണുന്നില്ലേ? ജുബ്ബാ ഇടുന്നത് ആരാണ്? പാക്കിസ്ഥാനികളാണ് ജുബ്ബ ഇടുന്നത് എന്ന് കൂർമ്മദൃഷ്ടികളായ പ്രേക്ഷകർ മനസിലാക്കും എന്നു തീർച്ച. എന്തിനാണ് പാക്കിസ്ഥാൻ വിരോധം ഈ ചലച്ചിത്രത്തിൽ കൊണ്ടുവരുന്നതെന്നും, അതിനു പിന്നിൽ സവർണ്ണഫാസിസത്തിന്റെ കൈകളുണ്ടോ എന്നും സെൻസർ ബോർഡ് പരിശോധിക്കേണ്ടതാണ്.

രണ്ടാം സംഘട്ടന രംഗം നോക്കൂ - അതിൽ സന്തോഷ് പണ്ഢിറ്റ് ആരെയാണ് ചവിട്ടുന്നത്? ഒരു താടിക്കാരനെ. താടി ആർക്കാണ്? തീർച്ചയായും സിഖുമതവിശ്വാസികൾക്ക്. അതിനു അയാൾക്ക് തലപ്പാവില്ലല്ലോ എന്ന് ദോഷൈകദൃക്കുകളായ വായനക്കാരൻ സംശയിച്ചേക്കാം. അങ്ങനെയുള്ള വായനക്കാർ തുടർന്നു വായിച്ചിട്ട് കാര്യമില്ല. സിഖുമതത്തെ കരിവാരിത്തേയ്ക്കാനുള്ള ശ്രമങ്ങൾ ചരിത്രത്തിൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്നും ഓർമ്മിപ്പിക്കട്ടെ.

സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിൽ എന്നും അവഗണിക്കപ്പെട്ടുകിടക്കുന്ന വിദ്യാകേളീരംഗമാണ് അംഗനവാടികൾ. അവിടത്തെ ടീച്ചർമാർക്ക് വേണ്ടത്ര ശമ്പളമോ പരിഗണനയോ കിട്ടുന്നില്ല. അവരെ അപമാനിക്കാൻ വേണ്ടി കരുതിക്കൂട്ടി നിർമ്മിച്ച ഗാനരംഗമാണ് "അംഗനവാടിയിലെ ടീച്ചറേ". സർക്കാർ പോലും സിനിമാറ്റിക്ക് ഡാൻസ് നിരോധിച്ച ഈ പ്രക്ഷുബ്ധ കാലഘട്ടത്തിൽ അംഗനവാടിയിലെ ടീച്ചറെക്കൊണ്ട് സിനിമാറ്റിക്ക് ഡാൻസ് കളിപ്പിച്ച് സാമൂഹിക വിപ്ലവം സൃഷ്ടിക്കാമെന്ന മൂഢ വ്യാമോഹമാണോ സന്തോഷ് പണ്ഢിറ്റിന്റേത്? ഈ ഗാനരംഗത്തിൽ ടീച്ചറിന്റെ പേരുപറയാതെ നടത്തുന്ന കപടസെക്കുലറിസം കേരള സമൂഹം തിരിച്ചറിയും എന്ന് എനിക്കുറപ്പുണ്ട്.

സന്തോഷ് പണ്ഢിറ്റ് ഇട്ടിരിക്കുന്ന ടീഷർട്ടുകൾ എല്ലാം ബഹുരാഷ്ട്ര കുത്തുകകളുടേതാണെന്ന് പറയേണ്ടതില്ലല്ലോ. കേരളത്തിൽ തളർന്നുമടങ്ങി പണ്ടാരമടങ്ങിക്കിടക്കുന്ന ഖാദി ഗ്രാമോദ്യോഗിനെ പണ്ഢിറ്റ് ഉദ്ധരിക്കാത്തതെന്താണ്? ഒരു സീനിലെങ്കിലും ജുബ്ബയുണ്ടോ? അതു പോട്ടെ; സംഘട്ടന രംഗങ്ങളിൽ എന്തുകൊണ്ടാണ് സന്തോഷ് പണ്ഢിറ്റ് നമ്മുടെ നാടൻ ആയുധങ്ങളായ കമ്പിപ്പാര, കൊടുവാള്, അരിവാള്, ബോംബ് തുടങ്ങിയവ ഉപയോഗിക്കാതെ തോക്ക് ഉപയോഗിച്ചത്? കിം കി ഡുക്കിന്റെ ഒരു ചലച്ചിത്രത്തിൽ നായിക തോക്ക് പുറത്തെടുക്കുന്നത് പ്രേക്ഷകർ ശ്രദ്ധിച്ചുകാണുമല്ലോ. കിം കി ഡുക്കിന്റെ ചലച്ചിത്രത്തിന്റെ ലജ്ജാവഹമായ അനുകരണമാണ് കൃഷ്ണനും രാധയും എന്ന് ഇതിൽ നിന്നും നിസ്സംശയം പറയാം.

ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം സംഘട്ടനം കലാസംവിധാനം നൃത്തസംവിധാനം എന്നിവയെല്ലാം നിർവ്വഹിച്ചിരിക്കുന്നത് ഒരേ മതക്കാരാണ് എന്നു മാത്രമല്ല, ഒരേ ജാതിയിൽ പെട്ടവരും ആണ്. എവിടെ, നമ്മുടെ കൊട്ടിഘോഷിക്കപ്പെട്ട മതനിരപേക്ഷത? എന്തുകൊണ്ട് ഈ റോളുകൾ ഹിന്ദു, ക്രിസ്ത്യാനി, മുസ്ലീം, ജൈനൻ, പാർസി, മതനിരപേക്ഷൻ, എന്നിങ്ങനെ വീതിച്ചുകൊടുത്തില്ല?

പടത്തിലെ സ്ത്രീവിരുദ്ധതയെപ്പറ്റി പറയുമ്പോൾ വികാരവിക്ഷുബ്ധത കേറി എന്റെ ശ്വാസം മുട്ടുന്നു. ആ പെൺകുട്ടിയെ സന്തോഷ് പണ്ഢിറ്റ് കെട്ടിപ്പിടിക്കുന്നത് പുരോഗമനപരമാണെന്നു സമ്മതിക്കുമ്പൊഴും, അവർ പ്രേമിച്ച് വിവാഹം കഴിക്കുന്നതിന്റെ പ്രതിലോമത കാണാതിരിക്കാൻ കഴിയുന്നില്ല. ഒരു സന്ധിഗ്ധ ഘട്ടത്തിൽ അംഗനവാടിയിലെ ജോലിയിൽ നിന്നും ആ പെൺകുട്ടിയെ പുറത്താക്കുകയാണ്. അപ്പോഴും നായകൻ ചിരിക്കുന്നു! എന്തുകൊണ്ട് നായകനെ ജോലിയിൽ നിന്നും പുറത്താക്കിയില്ല? എന്തുകൊണ്ട് നായിക ചിരിച്ചില്ല?

ഈ ചിത്രത്തിലെ പശ്ചാത്തല സംഗീതം കൊഴപ്പമില്ല. പിന്നെ ഡാൻസും കൊഴപ്പമില്ല. മൊത്തത്തിൽ ഈ സിനിമയ്ക്ക് പത്തിൽ രണ്ട് മാർക്ക് ഞാൻ നൽകുന്നു.

എന്ന് സ്വന്തം
നിരൂപകൻ
Liked by: Anuraj P, Jack Rabbit, Viswa Prabha