tag:google.com,2010:buzz:z13yshl4dnuyfbzmo22vjtwxixnce3fpc04
Syam Kumar R Syam Kumar R 108055984722888068103
Oct 04, 2011 Oct 04, 2011 Buzz Public
തൊഴിലാളിയില്ലായ്മ
Reshared post from nattapiranthan I ജോലിക്ക്‌ ആളില്ല സ്ഥിതി ഗുരുതരമാകുന്നു ( കടപ്പാട് : ധനം മാ...
tag:google.com,2010:buzz:z12bttxhbmvfhnqz104cg5frkweoeva50rg0k Reshared post from nattapiranthan I
ജോലിക്ക്‌ ആളില്ല സ്ഥിതി ഗുരുതരമാകുന്നു ( കടപ്പാട് : ധനം മാഗസീന്‍) www.http://dhanammagazine.com

കേരളത്തിലെ ഒരു പ്രമുഖ ടെക്‌സ്റ്റൈല്‍സ്‌ ബ്രാന്‍ഡ്‌ അവരുടെ ഷോറൂമുകളിലെ സെയ്‌ല്‍സ്‌ വിഭാഗത്തിലേക്ക്‌ ജീവനക്കാരെ ആവശ്യപ്പെട്ടുളള പരസ്യത്തിന്‌ അടുത്തിടെ ചെലവഴിച്ചത്‌ 35 ലക്ഷം രൂപ...ഒരു പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ ഉടമയുടെ തെങ്ങിന്‍ തോപ്പില്‍ തെങ്ങുകയറ്റക്കാരെ ആവശ്യമുണ്ടെന്ന മറ്റൊരു പരസ്യം. തെങ്ങുകയറ്റക്കാര്‍ക്ക്‌ ശമ്പളം മാസം 15,000 രൂപ.... ഏത്‌ മേഖലയിലാണെങ്കിലും ശരി, കേരളത്തിലെ തൊഴിലാളി ക്ഷാമത്തിന്റെ രൂക്ഷതയിലേക്ക്‌ വിരല്‍ ചൂണ്ടുന്ന ഉദാഹരണങ്ങളാണിവ. സമ്പദ്‌ വ്യവസ്ഥയുടെ വളര്‍ച്ചയ്‌ക്കൊപ്പം തൊഴിലാളിക്ഷാമവും രൂക്ഷമാവുകയായിരുന്നു. ഇതോടെ മനുഷ്യവിഭവശേഷിയെ ഏറെ ആശ്രയിക്കുന്ന വിവിധ മേഖലകള്‍ മുന്നോട്ട്‌ പോകാനാവാത്ത തരത്തില്‍ വെല്ലുവിളികള്‍ നേരിടുകയാണ്‌. റിയല്‍ എസ്റ്റേറ്റ്‌, ഹോട്ടല്‍, ടെക്‌സ്റ്റൈല്‍സ്‌, കൃഷി, റീറ്റെയ്‌ല്‍ എന്നീ മേഖലകളില്‍ മുതല്‍ വീട്ടുജോലികള്‍ക്കും എന്തിന്‌ പത്രമിടാനും വരെ തൊഴിലാളികളെ കിട്ടാനില്ല.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ തൊഴിലാളികള്‍ക്കുളള ഡിമാന്റ്‌ വര്‍ധിച്ചുവരികയാണെന്നാണ്‌ പല പഠനങ്ങളും പറയുന്നത്‌. 25 ലക്ഷം ജനങ്ങളാണ്‌ കേരളത്തില്‍ നിന്ന്‌ തൊഴിലിനായി ഗള്‍ഫുള്‍പ്പടെയുളള അന്യരാജ്യങ്ങളിലേക്ക്‌ ചേക്കേറിയിരിക്കുന്നത്‌. മറ്റ്‌ സംസ്ഥാനങ്ങളിലേക്ക്‌ തൊഴിലിനായി കൂടാരം മാറ്റിയവരാകട്ടെ 10 ലക്ഷം മലയാളികളും. അതായത്‌, വിവിധ മേഖലകളില്‍ പ്രകടമായി തന്നെ ഇത്രയും പേരുടെ ക്ഷാമം നിലനില്‍ക്കുന്നുണ്ട്‌. ഇതിന്‌ പുറമെ എല്ലാ രംഗങ്ങളിലും കൂടിയുണ്ടായിക്കൊണ്ടിരിക്കുന്ന വളര്‍ച്ച കൂടിയായപ്പോള്‍ തൊഴിലാളി ക്ഷാമം അതിന്റെ മൂര്‍ധന്യത്തിലെത്തി. അന്യസംസ്ഥാന തൊഴിലാളികളുടെ `ഗള്‍ഫാ'യി കേരളത്തെ മാറ്റി തീര്‍ത്തതും ഈ തൊഴിലാളി ക്ഷാമമാണ്‌. മോശമെന്ന്‌ നാം മാറ്റി നിര്‍ത്തുന്ന തൊഴിലുകള്‍ക്കായിരിക്കും തൊഴിലാളികളെ കിട്ടാന്‍ ക്ഷാമം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുക. തൊഴിലിനോടുളള കാഴ്‌ചപ്പാട്‌ മാറുന്തോറും ജീവിതച്ചെലവിലും വര്‍ധനവുണ്ടാകും. ബുദ്ധി കൂടുതല്‍ ആവശ്യമായ തൊഴില്‍, കായികാധ്വാനം കൂടുതല്‍ വേണ്ട തൊഴില്‍ എന്നിങ്ങനെയുളള തരംതിരിവ്‌ ഭാവിയില്‍ ഇല്ലാതായേക്കും. വിവിധ മേഖലകളെ തൊഴിലാളി ക്ഷാമം എങ്ങനെയെല്ലാം ബാധിക്കുമെന്ന്‌ നോക്കാം:

റിയല്‍ എസ്റ്റേറ്റ്‌ മേഖല
കെട്ടിട നിര്‍മാണ മേഖലയില്‍ തൊഴിലാളി ക്ഷാമം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നാണ്‌ ഈ രംഗത്തുളളവര്‍ പറയുന്നത്‌. ഏറെ തൊഴില്‍ വൈദഗ്‌ധ്യം ആവശ്യമുളള ഒരു മേഖലയും കൂടിയാണിത്‌. കേരളത്തില്‍ നിന്നും വേണ്ടത്ര തൊഴിലാളികളെ കിട്ടാത്ത ഈ മേഖല പ്രധാനമായും ആശ്രയിക്കുന്നത്‌ അന്യസംസ്ഥാന തൊഴിലാളികളെയാണ്‌. ചെറുകിട, ഇടത്തരം കമ്പനികള്‍ക്ക്‌ വിദഗ്‌ധ തൊഴിലാളികളെ കിട്ടാന്‍ വളരെയേറെ ബുദ്ധിമുട്ടായി മാറിയിരിക്കുന്നു. വന്‍കിട കമ്പനികള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന്‌ തൊഴിലാളികളെ നേരിട്ട്‌ റിക്രൂട്ട്‌ ചെയ്യുമ്പോള്‍ മറ്റ്‌ കമ്പനികള്‍ കോണ്‍ട്രാക്‌റ്റര്‍മാരെ ആശ്രയിക്കുകയാണ്‌ ചെയ്യുന്നത്‌. എന്നാല്‍ പല കാരണങ്ങളാല്‍ തമിഴ്‌നാട്‌ പോലുളള സംസ്ഥാനങ്ങളില്‍ നിന്നെത്തെന്നുവര്‍ക്ക്‌ നാട്ടില്‍ തന്നെ ജോലി ലഭിക്കുന്നതിനാല്‍ തിരിച്ചെത്താത്ത സാഹചര്യമുണ്ട്‌. ദേശീയ തൊഴിലുറപ്പ്‌ പദ്ധതി പോലുളള സ്‌കീമുകളും ഇതിന്‌ കാരണമായതായി ബില്‍ഡര്‍മാരുടെ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. ഉയര്‍ന്ന കൂലി നല്‍കിയാലും ജോലിക്ക്‌ ആളെ കിട്ടാനില്ലാത്ത സ്ഥിതി വിശേഷമാണെന്നാണ്‌ ബില്‍ഡര്‍മാര്‍ പറയുന്നത്‌. അവിദഗ്‌ധ തൊഴിലാളികള്‍ക്കു പോലും രണ്ടര വര്‍ഷം കൊണ്ട്‌ കൂലി ഇരട്ടിയിലധികമായി. ഇന്ന്‌ 300-500 രൂപയാണ്‌ കൂലി.

വിദഗ്‌ധരായ മലയാളി തൊഴിലാളികളെ തൊഴിലിടങ്ങളില്‍ കാണാനാകാത്ത സാഹചര്യമാണ്‌. ബംഗാള്‍, ഒറീസ, രാജസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ്‌ ഇന്ന്‌ കേരളത്തിലെത്തുന്ന നിര്‍മാണ തൊഴിലാളികളില്‍ അധികവും. അവര്‍ക്കാകട്ടെ സ്വന്തം നാട്ടില്‍ ലഭിക്കുന്നിന്റെ പല മടങ്ങ്‌ കൂലി ഇവിടെ കിട്ടുന്നുമുണ്ട്‌. കോഴിക്കോട്ടും മറ്റും 450-500 രൂപയാണ്‌ ഇവരുടെ നിലവിലെ കൂലിയെന്നാണ്‌ ബില്‍ഡര്‍മാര്‍ പറയുന്നത്‌. വെള്ളക്കോളര്‍ ജോലിയോടുള്ള അഭിനിവേശമാണ്‌ മലയാളികളെ നിര്‍മാണ ജോലികളില്‍ നിന്ന്‌ അകറ്റിയതെന്നും ഇവര്‍ പറയുന്നു. വിദ്യാസമ്പന്നനായ മലയാളിക്ക്‌ വെയില്‍ കൊള്ളുന്ന ജോലി എടുക്കാന്‍ വിമുഖതയാണ്‌. തയാറാവുന്നവരില്‍ പലരും അവിദഗ്‌ധ തൊഴിലാളികളും. ഇവര്‍ ജോലി പഠിച്ചു വരാന്‍ ഏറെ സമയമെടുക്കുന്നു. പഠിച്ചു വരുമ്പോഴേക്കും ഇവിടം വിടുകയും ചെയ്യുന്നു. പല വന്‍ പദ്ധതികളും വേണ്ട സമയത്ത്‌ തൊഴിലാളികളെ കിട്ടാത്തതിനാല്‍ വൈകുകയാണെന്നാണ്‌ സൂചനകള്‍.
കോണ്‍ക്രീറ്റ്‌ ജോലികള്‍ക്കടക്കമുള്ള നിര്‍മാണ പ്രവൃത്തികളില്‍ പരിശീലനം നല്‍കുന്ന സംവിധാനം നിലവില്‍ വന്നാല്‍ ഒരളവുവരെ ഈ രംഗത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കാനാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്‌.

ഹോട്ടല്‍ മേഖല
ചെറുകിട-ഇടത്തരം ഹോട്ടലുകളാണ്‌ തൊഴിലാളി ക്ഷാമത്തിന്റെ രൂക്ഷത കൂടുതല്‍ അനുഭവിക്കുന്നത്‌. വന്‍കിട ഹോട്ടലുകളില്‍ ഹോട്ടല്‍ മാനേജ്‌മെന്റ്‌ ഡിഗ്രിയുളളവര്‍ ജോലിക്കെത്തുമ്പോള്‍ ചെറുകിട-ഇടത്തരം ഹോട്ടലുകളിലേക്ക്‌ ആളെ കിട്ടാനില്ല. കാരണം വിദ്യാഭ്യാസമ്പന്നരായ മലയാളിക്ക്‌ ഹോട്ടല്‍ ജോലി ചെയ്യുന്നതിനുളള മടി തന്നെ. മലയാളികളില്‍ മിക്കവരും നല്ല വിദ്യാഭ്യാസം നേടിയവരായതിനാല്‍ ഹോട്ടല്‍ പോലുള്ള മേഖലകളില്‍ ആളെ കിട്ടാനില്ലാതായി. ഈ രംഗത്ത്‌ സാങ്കേതിക യോഗ്യതയുളള ജീവനക്കാരുടെ കടുത്ത ക്ഷാമമുണ്ടെന്ന്‌ തിരുവനന്തപുരത്തെ എസ്‌.പി ഗ്രാന്‍ഡ്‌ ഡേയ്‌സിന്റെ എക്‌സിക്യൂട്ടിവ്‌ ഡയറക്‌റ്റര്‍ സുബ്രഹ്മണ്യന്‍ പറയുന്നു. ജീവിത നിലവാരം കൂടിയതിനനുസരിച്ച്‌ കൂടുതല്‍ ശമ്പളവും നല്‍കണം. ഹോട്ടല്‍ മേഖലയില്‍ മിനിമം 15,000 രൂപയെങ്കിലും കൊടുത്തെങ്കിലേ ഇന്ന്‌ ആളെ കിട്ടൂ. ആ വിടവും കേരളത്തില്‍ നികത്തിയത്‌ അന്യസംസ്ഥാന തൊഴിലാളികള്‍ തന്നെയാണ്‌. പണ്ട്‌ മലയാളികള്‍ നടത്തുന്ന ഹോട്ടലുകളില്‍ ഉപഭോക്താക്കളുമായുളള ആശയവിനിമയത്തിലെ ബുദ്ധിമുട്ട്‌ കണക്കിലെടുത്ത്‌ അന്യസംസ്ഥാന തൊഴിലാളികളെ ബെയറര്‍മാരായി വെക്കാറില്ലായിരുന്നു. എന്നാല്‍ ഇന്ന്‌ തൊഴിലാളിക്ഷാമം കാരണം തമിഴരെയും ബംഗാളികളെയും ഒറിയക്കാരനെയുമെല്ലാം ആശ്രയിച്ചാണ്‌ കേരളത്തിലെ ഹോട്ടലുടമകള്‍ പിടിച്ചു നില്‍ക്കുന്നത്‌. അന്യ സംസ്ഥാന തൊഴിലാളികളുടെ ശുചിത്വമില്ലായ്‌മ പ്രശ്‌നങ്ങളും സൃഷ്‌ടിക്കുന്നുണ്ട്‌. സാമൂഹിക മുന്നേറ്റം വരുന്നതനുസരിച്ച്‌ നാളെ ഇവരും ഈ പണി നിര്‍ത്തിയാല്‍ വന്നേക്കാവുന്ന പ്രതിസന്ധി ഊഹിക്കാവുന്നതിനുമപ്പുറത്താണ്‌. അഞ്ചു വര്‍ഷം കൊണ്ട്‌ ഹോട്ടല്‍ മേഖല ആകെ മാറുമെന്നാണ്‌ സൂചനകള്‍. തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നതോടെ സെല്‍ഫ്‌ സര്‍വീസ്‌ മാത്രമാകും പോംവഴി.

ഇപ്പോള്‍ തന്നെ സെല്‍ഫ്‌ സര്‍വീസ്‌ സംവിധാനത്തിലേക്ക്‌ കൂടുതല്‍ ഹോട്ടലുകള്‍ മാറിക്കൊണ്ടിരിക്കുകയാണ്‌. തൊഴിലെടുക്കാന്‍ ആളില്ലാത്തതല്ല പല മേഖലകളിലുമെന്ന പോലെ ഇവിടുത്തെയും പ്രശ്‌നം. അന്തസ്സിന്റെ പേരില്‍ തൊഴിലെടുക്കാന്‍ മലയാളി തയാറാവാത്തതാണ്‌. അന്തസുളള ജോലിയാണ്‌ ഹോട്ടലിലെ വെയ്‌റ്ററുടേതുമെന്ന കാഴ്‌ചപ്പാട്‌ സമൂഹത്തില്‍ സൃഷ്‌ടിച്ചെടുക്കാന്‍ സാധിച്ചാലെ പരിഹാരം കാണാനാകൂ. യൂറോപ്പിലും മറ്റും ഹോട്ടലിലെ വെയ്‌റ്റര്‍ ജോലിയെ അന്തസുളള ജോലികളുടെ ഗണത്തിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഒരു
പക്ഷേ, താഴെതട്ടിലുളള സര്‍ക്കാര്‍ ജോലിയേക്കാള്‍ ശമ്പളം ലഭിക്കുന്ന ഈ ജോലികളില്‍ അന്തസ്‌ കണ്ടെത്താന്‍ മലയാളിയും തയാറാവണം.

കാര്‍ഷിക മേഖല
മറ്റ്‌ മേഖലകളിലെ തൊഴില്‍ സാധ്യതകള്‍, തൊഴിലുറപ്പ്‌ പദ്ധതികള്‍ തുടങ്ങിയവ കാരണം കാര്‍ഷിക മേഖലയിലും തൊഴില്‍ ക്ഷാമം രൂക്ഷമാകുകയാണ്‌. യുവതലമുറ കാര്‍ഷിക വൃത്തിയില്‍ നിന്നും പിന്‍മാറിയതാണ്‌ പ്രതിസന്ധി രൂക്ഷമാക്കിയതെന്ന്‌ കേരള സര്‍വകലാശാലയുടെ സാമ്പത്തികശാസ്‌ത്ര വിഭാഗം 2008ല്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്‌. തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളി ക്ഷാമത്തിന്‌ വഴിവെക്കുന്നതിനാല്‍ വിളവെടുപ്പ്‌ സമയത്ത്‌ ഈ പദ്ധതി നിര്‍ത്തിവെക്കണമെന്ന്‌ വരെ ഈ റിപ്പോര്‍ട്ട്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടത്‌ തൊഴിലാളി ക്ഷാമത്തിന്റെ രൂക്ഷതയാണ്‌ കാണിക്കുന്നത്‌. റബര്‍, ഏലം തുടങ്ങിയ വിളകളുടെ കൃഷികളെയും തൊഴിലാളിക്ഷാമം നന്നായി ബാധിക്കുന്നുണ്ട്‌. തൊഴിലാളി ക്ഷാമം കാരണം ഏലം തോട്ടങ്ങളില്‍ വിളവെടുപ്പ്‌ പോലും ദുഷ്‌കരമായിരിക്കുകയാണ്‌. ഇപ്പോള്‍ ഏലം കൃഷിക്ക്‌ തമിഴ്‌നാട്ടില്‍ നിന്ന്‌ പ്രത്യേക വണ്ടികള്‍ ഏര്‍പ്പാടാക്കിയാണ്‌ തൊഴിലാളികളെ കൃഷിസ്ഥലത്ത്‌ എത്തിക്കുന്നത്‌. റബറിന്‌ ഉയര്‍ന്ന വിലയായിട്ടു പോലും ടാപ്പിംഗ്‌ തൊഴിലാളികളെ കിട്ടാത്തതിനാല്‍ പല തോട്ടങ്ങളിലും റബര്‍ മരങ്ങള്‍ വെട്ടാതെ കിടക്കുകയാണ്‌. 30 വയസില്‍ താഴെയുളള ടാപ്പേഴ്‌സ്‌ ഇപ്പോള്‍ തന്നെ ഇല്ലാതായിരിക്കുകയാണത്രെ. വരാനിരിക്കുന്ന രൂക്ഷമായ പ്രതിസന്ധിയെയാണ്‌ ഇത്‌ കാണിക്കുന്നത്‌.

ചെറുകിട വ്യവസായങ്ങള്‍
വെല്‍ഡിംഗ്‌, കണ്‍ട്രോള്‍ പാനല്‍ മാനുഫാക്‌ചറിംഗ്‌, ഫര്‍ണിച്ചര്‍ മാനുഫാക്‌ചറിംഗ്‌, എന്‍ജിനീയറിംഗ്‌ ഇന്‍ഡസ്‌ട്രി തുടങ്ങി വൈദഗ്‌ധ്യം ആവശ്യമുളള മേഖലകളില്‍ വിദഗ്‌ധ തൊഴിലാളികളുടെ കടുത്ത ക്ഷാമമാണ്‌ അനുഭവപ്പെടുന്നത്‌. ചെറുകിട വ്യവസായരംഗത്തെ റൈസ്‌ മില്‍, പ്ലൈവുഡ്‌, ക്രഷര്‍ യൂണിറ്റുകള്‍ തുടങ്ങിയ അവിദഗ്‌ധ മേഖലകളില്‍ ബംഗാള്‍, ആസാം, മേഘാലയ തുടങ്ങിയിടങ്ങില്‍ നിന്നുളള തൊഴിലാളികള്‍ മാത്രമാണ്‌ ജോലി ചെയ്യുന്നത്‌. എന്നാല്‍ നേരത്തെ പറഞ്ഞ വൈദഗ്‌ധ്യം ആവശ്യമുളള മേഖലകളില്‍ ഇത്തരം അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്താനാകില്ല, ടെക്‌നിക്കല്‍ കഴിവുളളവരെ മാത്രമേ ഉപയോഗിക്കാനാകൂ. ഇത്തരത്തിലുളളവരെ കിട്ടാനില്ലാതെ പല വ്യവസായങ്ങളും പൂട്ടിപ്പോകുന്ന അവസ്ഥയിലാണ്‌ കാര്യങ്ങള്‍. ഈ രംഗത്തെ ക്ഷാമം കാരണം ഒരു ഇലക്‌ട്രിഷ്യന്‌ 15,000 രൂപ വരെ ശമ്പളം ഇപ്പോള്‍ ലഭിക്കുന്നു. എന്നാല്‍ അതേ സമയത്ത്‌ തന്നെ ലക്ഷക്കണക്കിന്‌ രൂപ ചെലവിട്ട്‌ എന്‍ജിനീയറിംഗ്‌ ബിരുദങ്ങള്‍ നേടിയ ഒരു വിഭാഗം തൊഴില്‍ ചെയ്യാനുളള വൈദഗ്‌ധ്യം ഇല്ലാത്തതിന്റെ പേരില്‍ തൊഴിലില്ലാതെ നടക്കുവെന്ന വൈരുധ്യവും നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നു. പല ബിടെക്‌ ബിരുദധാരികള്‍ക്കും ജോലിയില്ല. ജോലിയുളളവരില്‍ പലര്‍ക്കും ശമ്പളം 10,000ത്തില്‍ താഴെയും.

ഈയിടെ +2 യോഗ്യതയുളള പോസ്റ്റല്‍ അസിസ്റ്റന്റ്‌ തസ്‌തികയിലേക്ക്‌ നടന്ന റിക്രൂട്ട്‌മെന്റില്‍ ജോലി ലഭിച്ചതില്‍ നല്ലൊരു ശതമാനം എന്‍ജിനീയറിംഗ്‌ ബിരുദധാരികളാണ്‌. ഐ.റ്റി.ഐ പോലുളള തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസ സമ്പ്രദായത്തിന്‌ കൂടുതല്‍ പ്രാധാന്യം നല്‍കുകയാണ്‌ പ്രതിസന്ധി മറികടക്കാനുളള പ്രതിവിധിയായി പലരും ചൂണ്ടിക്കാണിക്കുന്നത്‌.

ടെക്‌സ്റ്റൈല്‍ രംഗം
വന്‍കിട ടെക്‌സ്റ്റൈല്‍സ്‌ ബ്രാന്‍ഡുകള്‍ മല്‍സരിച്ച്‌ കേരളത്തിലുടനീളം ഷോറൂമുകള്‍ തുടങ്ങുമ്പോഴും ഇവിടങ്ങളില്‍ സെയ്‌ല്‍സ്‌ പോലുളള വിഭാഗങ്ങളില്‍ അതിരൂക്ഷമായ ജീവനക്കാരുടെ ക്ഷാമമാണ്‌ അനുഭവപ്പെടുന്നത്‌.

മറ്റ്‌ ജില്ലകളിലെ ഗ്രാമ പ്രദേശങ്ങളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരെ സെയ്‌ല്‍സിലേക്ക്‌ ജീവനക്കാരെ റിക്രൂട്ട്‌ ചെയ്യുന്നതിന്‌ വന്‍ ബജറ്റാണ്‌ ടെക്‌സ്റ്റൈല്‍ കമ്പനികള്‍ നീക്കിവെക്കുന്നത്‌.

ഉള്‍ഗ്രാമങ്ങളിലുളള പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികളെ താമസവും ഭക്ഷണവും നല്‍കിയാണ്‌ നഗരത്തിലെ മിക്ക വന്‍കിട ടെക്‌സ്റ്റൈല്‍ ഷോറൂമുകളും നിലനിര്‍ത്തുന്നത്‌.

അന്യസംസ്ഥാന തൊഴിലാളികള്‍
കേരളത്തിലങ്ങോളമിങ്ങോളം ഇന്ന്‌ നമുക്കിവരെ കാണാം. 2007-08 ലെ കണക്കുകള്‍ പ്രകാരം 10 ലക്ഷം പേരാണ്‌ മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്ന്‌ കേരളത്തില്‍ വിവിധ ജോലികള്‍ ചെയ്യാനായെത്തിയിട്ടുളളത്‌. അവിദഗ്‌ധ തൊഴിലാളികള്‍ക്ക്‌ ലഭിക്കുന്ന ഉയര്‍ന്ന വേതനം, വന്‍തോതിലുളള തൊഴിലവസരങ്ങള്‍, പ്രാദേശിക തൊഴിലാളികളുടെ അഭാവം തുടങ്ങിയവയാണ്‌ കേരളത്തിലേക്ക്‌ അന്യസംസ്ഥാന തൊഴിലാളികളുടെ വരവിന്‌ ആക്കം കൂട്ടിയത്‌. കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടയില്‍ ഇവരുടെയെണ്ണത്തിലുണ്ടായ വന്‍ വര്‍ധന കണക്കിലെടുക്കുമ്പോള്‍ ചുരുങ്ങിയത്‌ 15 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളെങ്കിലും കേരളത്തിലുണ്ടാകുമെന്നാണ്‌ സെന്റര്‍ ഫോര്‍ സോഷ്യോ-ഇക്കണോമിക്‌ & എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്‌ ഡയറക്‌റ്റര്‍ എന്‍. അജിത്‌ കുമാര്‍ അഭിപ്രായപ്പെടുന്നത്‌. മുമ്പ്‌ ഇത്തരക്കാര്‍ ജോലി ചെയ്‌തിരുന്നത്‌ ചില മേഖലകളില്‍ മാത്രമായിരുന്നെങ്കില്‍ ഇന്ന്‌ കെട്ടിട നിര്‍മാണം, ഹോട്ടല്‍, ടെക്‌സ്റ്റൈല്‍സ്‌ തുടങ്ങി വീട്ടുജോലികള്‍ക്കുമെല്ലാം മലയാളിക്ക്‌ അന്യസംസ്ഥാന തൊഴിലാളി വേണം. തമിഴ്‌നാട്ടില്‍ നിന്നുളള തൊഴിലാളികളാണ്‌ ഏറ്റവുമധികം കേരളത്തിലുളളതെങ്കിലും കര്‍ണാടക, ആന്ധ്ര, ഒറീസ, വെസ്റ്റ്‌ ബംഗാള്‍, ബീഹാര്‍, അസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുളളവരുടെ എണ്ണവും കൂടിക്കൂടി വരുകയാണ്‌. അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ലെങ്കിലും അടുത്ത കാലത്തായി ഇത്തരം തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ തൊഴില്‍ വകുപ്പ്‌ ആരംഭിച്ചിട്ടുണ്ട്‌.

ഏതാനും മാസങ്ങള്‍ക്കുളളില്‍ തന്നെ 15,000 തൊഴിലാളികള്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുളളതായി അസിസ്റ്റന്റ്‌ ലേബര്‍ കമ്മീഷണര്‍ അനില്‍കുമാര്‍ പറയുന്നു. ഇപ്പോള്‍ പല വീടുകളിലെ അടുക്കളകളിലും സ്ഥിരതാമസക്കാരായി ജോലി ചെയ്യുന്നതും അന്യസംസ്ഥാനക്കാര്‍ തന്നെ.10 ലക്ഷത്തിലധികം വരുന്ന ഈ തൊഴിലാളികള്‍ കേരളത്തില്‍ നിന്നും ഏതെങ്കിലും സാഹചര്യത്തില്‍ സ്വന്തം നാടുകളിലേക്ക്‌ തിരിച്ചു പോകുന്ന അവസ്ഥയുണ്ടായാല്‍ കേരളത്തിന്‌ മുന്നോട്ട്‌ പോകാന്‍ കഴിയാത്ത അവസ്ഥ കൈവന്നേക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു.

പെട്ടെന്ന്‌ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങള്‍

l തൊഴിലാളികളെ കിട്ടാനില്ലാത്തത്‌ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ ചെലവ്‌ വര്‍ധിപ്പിക്കും. വൈകാതെ തന്നെ ദിവസക്കൂലി 1000 രൂപയിലെത്തിയേക്കും. അങ്ങനെ സംഭവിച്ചാല്‍ സ്ഥാപനങ്ങള്‍ അവരുടെ ഉല്‍പ്പന്നങ്ങളുടെ വില കൂട്ടും.

l തൊഴിലാളികളെ കിട്ടാനില്ലാത്തത്‌ കേരളത്തിന്‌ പുറത്ത്‌ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനികള്‍ക്ക്‌ വിലയുടെ കാര്യത്തില്‍ മല്‍സരക്ഷമത കുറയുന്നതിന്‌ ഇടയാക്കും.

l അന്യ സംസ്ഥാനങ്ങളില്‍ നിന്ന്‌ മാത്രമല്ല അന്യ രാജ്യങ്ങളില്‍ നിന്ന്‌ വരെ തൊഴിലാളികള്‍ കേരളത്തിലേക്ക്‌ വരുന്നതിന്റെ എണ്ണം വര്‍ധിക്കും. അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച്‌ ഏറ്റവും ഒടുവിലായി വന്ന കണക്ക്‌ 2007-08 കാലഘട്ടത്തിലാണ്‌. അതനുസരിച്ച്‌ 10 ലക്ഷമാണ്‌ കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം. എന്നാല്‍ ഈ സംഖ്യ അപൂര്‍ണമാണ്‌ എന്നാണ്‌ വിലയിരുത്തല്‍. നിലവില്‍ 15 ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ ഉണ്ടെന്ന്‌ ഒരു സര്‍ക്കാര്‍ ഇതര ഏജന്‍സിയുടെ കണക്കുണ്ട്‌. എന്നാല്‍ എണ്ണം 30 ലക്ഷത്തോളം വരുമെന്ന്‌ മറ്റൊരു കണക്കുമുണ്ട്‌. ഭാവിയില്‍ എണ്ണം വീണ്ടും വര്‍ധിക്കുമെന്നാണ്‌ കരുതുന്നത്‌.

l നിലവില്‍ കേരളത്തിലെ പല പ്രദേശങ്ങളിലും ഹോട്ടലുകള്‍ കൂടുതല്‍ സെല്‍ഫ്‌ സര്‍വീസിംഗ്‌ രൂപത്തിലേക്ക്‌ മാറുന്നുണ്ട്‌. ഭാവിയില്‍ ഈ പ്രവണത വര്‍ധിക്കാന്‍ തന്നെയാണ്‌ സാധ്യത.

l ശാരീരിക അധ്വാനവും ബൗദ്ധിക അധ്വാനവും തമ്മില്‍ നിലവില്‍ വേതനത്തിലുള്ള വേര്‍തിരിവ്‌ സമീപഭാവിയില്‍ കുറഞ്ഞ്‌ വരാന്‍ സാധ്യതയുണ്ട്‌.

l `എംപ്ലോയര്‍ ഫ്രണ്ട്‌ലി' ലോകമാണ്‌ ഇനി വരാന്‍ പോകുന്നത്‌. എല്ലാ തരത്തിലും മികച്ച ജോലി സാഹചര്യമൊരുക്കുന്നവര്‍ക്കേ ജീവനക്കാരെ നിലനിര്‍ത്താനാകൂ.

പരിഹാരത്തിനുതകുന്ന മാര്‍ഗനിര്‍ദേശങ്ങള്‍

l കോണ്‍ക്രീറ്റ്‌ ജോലികള്‍ അടക്കമുള്ള നിര്‍മാണ പ്രവൃത്തികളില്‍ പരിശീലനം നല്‍കുന്ന സംവിധാനം നിലവില്‍ വന്നാല്‍ ഒരളവുവരെ ഈ രംഗത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കാം.

l കേരളത്തിന്റെ പരമ്പരാഗത തൊഴില്‍ മേഖലയില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം വ്യാപകമായിട്ടില്ല. തൊഴിലാളികളെ കിട്ടാത്തത്‌ മൂലം ഭാവിയില്‍ ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങള്‍ നേരിടാന്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം മൂലം സാധിക്കും.

l കാര്‍ഷിക മേഖലയില്‍ തൊഴിലാളികളുടെ ലഭ്യതയേക്കാളുപരി അവര്‍ അവധിക്കും മറ്റും പോകുന്നതാണ്‌ പ്രധാന പ്രശ്‌നം. മാത്രമല്ല കേരളത്തിലെ കാലാവസ്ഥയില്‍ വളരെയധികം വ്യതിയാനങ്ങള്‍ വന്നിട്ടുണ്ട്‌. ഇവയ്‌ക്ക്‌ അനുസൃതമായ വിത്തുകള്‍ വികസിപ്പിച്ചെടുക്കണം. പൊക്കം കുറഞ്ഞ തെങ്ങുകള്‍ക്കായുള്ള ഗവേഷണങ്ങള്‍ നടത്തണം.

l നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തില്‍ സമഗ്രമാറ്റം ഉണ്ടാകേണ്ടതുണ്ട്‌. സ്‌കില്‍ ഡെവലപ്‌മെന്റിന്‌ മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ്‌ നടപ്പാക്കേണ്ടത്‌. ഇപ്പോള്‍ മറ്റെങ്ങും സീറ്റ്‌ ലഭിക്കാത്തവര്‍ പഠിക്കുന്ന സ്ഥാപനങ്ങളായി വി.എച്ച്‌.എസ്‌.സികള്‍ മാറിയിട്ടുണ്ട്‌. ഇത്‌ മാറി സ്‌കില്‍ ഡെവലപ്‌മെന്റിനുള്ള കേന്ദ്രങ്ങളായി ഇവയെ മാറ്റണം. ഇപ്പോള്‍ ഇത്തരം പരിശീലനം കുറച്ചെങ്കിലും നല്‍കുന്നത്‌ സ്വകാര്യ സ്ഥാപനങ്ങളാണ്‌. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഇവ കൂടുതല്‍ ശക്തമാക്കണം.

l വിദേശ രാജ്യങ്ങളിലെപ്പോലെ വിവിധ തൊഴില്‍ മേഖലകളില്‍ വിദ്യാര്‍ത്ഥികളെ ഉപയോഗപ്പെടുത്തണം. പാര്‍ട്ട്‌ ടൈം ജോലികളെ പ്രോല്‍സാഹിപ്പിക്കുന്ന തരത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും സമയക്രമീകരണം നടത്തണം.

l കെട്ടിട നിര്‍മാണ രംഗത്ത്‌ കഴിയുന്നത്ര യന്ത്രവല്‍ക്കരണം നടത്തുക. ഇതിലൂടെ 30-40 ശതമാനം വരെ തൊഴിലാളികളുടെ എണ്ണം കുറയ്‌ക്കാം.