ചരിത്ര ഗവേഷകയായ മൈത്രി പി ഉണ്ണി എഴുതുന്നു:
മുസ്ലിങ്ങളും ക്രിസ്ത്യാനികളും അല്ലാത്തരെല്ലാം ഹിന്ദുക്കള്‍ എന്ന ഈ ദ്വന്ദ്വസ്വത്വ നിര്‍മ്മിതി ഒരു പരിധിവരെ വിജയിക്കുന്നതാണ് നാം കണ്ടത്. ഈ സ്വത്വത്തിന്റെ ഉള്ളിലെ വിരുദ്ധങ്ങളായ സാംസ്കാരിക, വിശ്വാസപ്രമാണങ്ങള്‍ പലപ്പോഴും പുറത്തുവരിക ചരിത്രപരമായ അന്വേഷണങ്ങളിലൂടെയാണ്. അതു കൊണ്ടാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്ന ബഹുസ്വരത അംഗീകരിക്കാതിരിക്കുകയും അത്തരത്തില്‍ ഉള്ള അറിവുകളെ മറയ്ക്കാനും ആ ദിശയിലുള്ള അന്വേഷണങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യാന്‍ ഹിന്ദുത്വ ആശയവാദികള്‍ എല്ലാക്കാലത്തും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ രാമായണത്തിന്റെ വിവിധ വകഭേദങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന "ത്രീഹണ്ട്രഡ് രാമായണാസ്" എന്ന പ്രബന്ധം തമസ്കരിക്കാന്‍ ശ്രമിക്കുന്നതും ഇതിന്റെ ഭാഗമാണ്.