ഇത്തരം സംഭവങ്ങളോടും ചിന്താഗതികളോടും പോരാടേണ്ട സാംസ്കാരികനിലവാരത്തിലേക്ക് മലയാളിയെ എത്തിക്കേണ്ട ധാര്‍മികത ഏറ്റെടുക്കാന്‍ ഇടതുപക്ഷത്തിനും ആകുന്നില്ല. കാരണം, അവര്‍ തന്നെയാണ് രാജ്മോഹന്‍ ഉണ്ണിത്താന്റെയും അബ്ദുള്ളക്കുട്ടിയുടെയും അവിഹിതബന്ധം കണ്ടുപിടിക്കാന്‍ കണ്ണിലെണ്ണയുമൊഴിച്ച്, ചൂട്ടും കത്തിച്ച് കാത്തിരുന്നത്. അതുകൊണ്ട് അവര്‍ക്ക് സദാചാരപോലീസിംഗിന്റെ ഇത്തരം നടപടികള്‍ക്കെതിരെ സംസാരിക്കാന്‍ അവകാശം നഷ്ടപ്പെട്ട നിലയാണ്.
സ്വയം കളഞ്ഞുകുളിച്ച ഈ തിരുത്തല്‍ പദവിയുടെ നഷ്ടബോധത്തിലാണ് അതേ കാപട്യത്തിന്റെ ഇരയാകുമെന്ന ഭീതിയില്‍ ഡിവൈഎഫ്ഐയുടെ സംസ്ഥാനസെക്രട്ടറി ടി വി രാജേഷ് ഒരു വാവിട്ട ആരോപണത്തില്‍ പതറി ടെലിവിഷന്‍ ക്യാമറകള്‍ക്കു മുന്നില്‍ അച്ഛനേയും അമ്മയേയും ഭാര്യയേയും ചൊല്ലിക്കരഞ്ഞതു്. കഴിഞ്ഞൊരു ദിവസം കാണിക്കവഞ്ചി ഇടിച്ചുതകര്‍ത്ത കാറില്‍ സീരിയല്‍ നടിക്കൊപ്പമുണ്ടായിരുന്ന എംഎല്‍എയും മുന്‍ എംഎല്‍എയും ആരെന്ന ചുഴിഞ്ഞുനോട്ടം സമൂഹത്തില്‍ നിന്നുണ്ടാവുന്നതിനും കാരണം വേറൊന്നുമല്ല. സ്വന്തം ഭാര്യയെ കാറോടിക്കാന്‍ പഠിപ്പിച്ച കുറ്റത്തിന് സദാചാരപ്പൊലീസിന്റെ കൈക്കരുത്തിനിരയായ കോട്ടയം ഒളശ്ശയിലെ അഡ്വ. വിനു ജേക്കബിന്റെ അനുഭവവും ഓര്‍ക്കാം.