'പൊലിപ്രഭാവ'മാണ്(Placebo Effect)മതവിശ്വാസത്തിന്റെ ആധാരശില. ഒരു കല്ലെടുത്ത് ദൂരേക്ക് വലിച്ചെറിഞ്ഞാല്‍ അതകലെ പോയി വീഴും. മതവിശ്വാസിയാകട്ടെ ഇതേ കല്ല് മന്ത്രങ്ങളെഴുതിയ കടലാസ്സില്‍ പൊതിഞ്ഞെറിയുന്നു. അപ്പോഴും ഫലം സമാനം തന്നെ. താന്‍ കടലാസില്‍ പൊതിഞ്ഞെറിഞ്ഞതുകൊണ്ടാണ് കല്ല് ദൂരെപോയി വീണതെന്ന് മതവിശ്വാസി പറയും. ഈ വാദത്തെ ഖണ്ഡിക്കാന്‍ ശാസ്ത്രത്തിനാവില്ല. കാരണം കല്ല് കടലാസില്‍ പൊതിഞ്ഞാണ് അയാള്‍ എറിഞ്ഞത്. ദൂരെപോയി വീഴുകയും ചെയ്തു. രണ്ടും വാസ്തവമാണ്. കടലാസില്‍ പൊതിയാതെയെറിയാന് വിശ്വാസി തയ്യാറാവില്ല. സ്വഭാവികമായും കടലാസ്സും മന്ത്രവുമാണ് കാര്യം നേടിയത്! പരിശോധിക്കാനുള്ള വൈമനസ്യത്തില്‍ നിന്നാണ് മതവിശ്വാസം ശക്തിപ്പെടുന്നത്.
പ്രകൃതി എന്ന അത്ഭുതം
പ്രകൃതിയില്‍ നിറയെ അത്ഭുതങ്ങളാണെന്നും അതിന്റെ ക്രെഡിറ്റ് മതദൈവത്തിനാണെന്നുമാണ് മതപ്രചരണം. അജ്ഞത മതദൈവത്തിന്റെ ഇഷ്ടാഹാരമാണ്. 'ദൈവത്തിന്റെ അടയാളമായ' മഴവില്ല് ഒരിക്കല്‍ മഹാത്ഭുതമായിരുന്നു. പിന്നീട് ശാസ്ത്രമതിനെ അത്ഭുതമല്ലാതാക്കി. മഴവില്ല് എന്താണെന്ന് വിശദീകരിച്ചതിലൂടെ ന്യൂട്ടണ്‍ അതിന്റെ കാല്‍പ്പനിക സൗന്ദര്യവും കമനീയതയും നഷ്ടപ്പെടുത്തിയെന്നായിരുന്നു ജോണ്‍ കീറ്റ്സിന്റെ പരാതി. പ്രപഞ്ചത്തെപ്പറ്റി മുഴുവന്‍ മനസ്സിലാക്കാന്‍ ഇന്നും ശാസ്ത്രത്തിനായിട്ടില്ല. ശാസ്ത്രത്തിന്റെ ന്യൂനതകള്‍ മതം സ്വന്തം കരുത്തായെടുക്കും. ശാസ്ത്രത്തിന് ഉത്തരമില്ലാത്തതാണ് മതദൈവത്തിന്റെ കരുത്തെന്ന വികലമായ സമവാക്യം മതം ഉയര്‍ത്തിപ്പിടിക്കും. മതദൈവത്തിന് എല്ലാമറിയാം;പക്ഷെ ഒന്നും പറയില്ല. ശാസ്ത്രം നാളെയറിയുന്നത് മതദൈവത്തിന് പണ്ടേയറിയാം. അറിയാവുന്ന കാര്യം മുന്‍കൂട്ടി പറയുന്ന ശീലം ഈ ആകാശപൗരനില്ല. സംഭവിച്ചുകഴിഞ്ഞ് അറിഞ്ഞുകൊള്ളണം-എന്നതാണ് ലോകമെമ്പാടും മതദൈവങ്ങള്‍ പൊതുവില്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിലപാട്. ''മതദൈവത്തിന് എല്ലാമറിയാമെന്ന് പറഞ്ഞുകഴിഞ്ഞു,എന്തൊക്കെയെന്ന് കണ്ടെത്തേണ്ടത് ശാസ്ത്രത്തിന്റെ ജോലിയാണ്''-മതം മൊഴിയും. പ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളം ഒന്നും അത്ഭുതമല്ല. നിസ്സാരമോ ഉദാത്തമോ സുന്ദരമോ വിരൂപമായോ ആയി യാതൊന്നുമില്ല. ഒക്കെ 'മധ്യലോക'ത്ത് വസിക്കുന്ന മനുഷ്യന്റെ ഭ്രമകല്‍പ്പനകളാണ്. എല്ലാം ദ്രവ്യത്തിന്റെ വിഭിന്ന ഊര്‍ജ്ജനിലകള്‍ മാത്രം. അത്ഭുതാവസ്ഥ ആപേക്ഷികമാകുന്നു. ഇന്നത്തെ അത്ഭുതം നാളത്തെ യാഥാര്‍ത്ഥ്യമാകും.
15.സംഘഗാനാലാപനം - നാസ്തികനായ ദൈവം