പെങ്ങളേ, ഞങ്ങൾക്കും മാനമുണ്ട്
ഈയടുത്ത ദിവസം എറണാകുളം വരെ രാവിലെ പോവേണ്ടി വന്നു. കനത്ത മഴമൂലം ബൈക്കും എടുത്തില്ല. തൃപ്പൂണിത്തറയിൽ നിന്ന് ഒരു പ്രൈവറ്റ് ബസിൽ കയറി. സീറ്റ് ഉണ്ടായിരുന്നില്ല. പൂർണ്ണത്രയീശ അമ്പലത്തിന്റെ മുന്നിൽ നിന്ന് ഒരു പ്രായമായ ആൾ കയറി എന്റെ മുന്നിലായി നിന്നു. അങ്ങനെ ബസ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോൾ ചമ്പക്കരപാലത്തിനു സമീപത്ത് വച്ച് ബസ് അത്യാവശ്യം ശക്തിയായി ബ്രേക്ക് ചവിട്ടി. എന്റെ മുന്നിൽ നിക്കുന്നുണ്ടായിരുന്ന ആ വൃദ്ധന്റെ ബാലൻസ് തെറ്റി സൈഡിലെ സീറ്റിലിരുന്നിരുന്ന ഒരു ചേച്ചിയുടെ ദേഹത്ത് ചാരി, അദ്ദേഹത്തിനെ ഞാൻ ബാലൻസ് ശരിയാക്കി നിക്കാൻ സഹായിക്കുകയും ചെയ്തു. പെട്ടെന്ന് ആ ചേച്ചി ചാടിയെണീറ്റ് അദ്ദേഹത്തെ നല്ല ചീത്ത..
“കെളവന്മാർക്ക് അസുഖം കൂടുതലാ ഇപ്പൊ, തന്റെ കഴപ്പ് വീട്ടിലുള്ളവരോട് കാണിക്കണം. അല്ലാതെ ബസ് യാത്ര ചെയ്യുന്ന പെണ്ണുങ്ങളുടെ മേത്തോട്ട് ചാരിയിട്ടല്ല.” ഈ ഒരു ലൈനിലാണു ചീത്ത വിളി. അയാളാകെ വിളറി വെളുത്തു. ഇനി ഞാൻ കാണാതെ വല്ലതും സംഭവിച്ചിട്ടുണ്ടോ എന്നറിയില്ലല്ലോ, മാത്രമല്ല, വേലിയേൽ കിടക്കണ പാമ്പോമാനിയയുടെ അസ്ക്യത ഉള്ളകൂട്ടതിലാണല്ലോ നോം. ചോദിച്ചു.
ചേച്ചി നേരെ എന്റെ മെക്കട്ടായി. “നിന്നെപ്പോലുള്ളവരാണു ഗോവിന്ദച്ചാമിമാരെ വളർത്തുന്നത് ”
ദൈവമേ!! ..ഞാൻ പിന്നേം ആവർത്തിച്ചു, . ഇവരാണെങ്കിൽ ചീത്തവിളി നിർത്തുന്നുമില്ല. എല്ലാവരും ആ വൃദ്ധനെ നോക്കി ചിരിക്കുകയും ചെയ്യുന്നു. അവസാനം ഞാനുമുടക്കി. പറഞ്ഞ് വന്നപ്പോൾ ഒരു ചുക്കുമവിടെ നടന്നട്ടില്ല. സ്വയം പ്രഖ്യാപിത രക്തസാക്ഷിനാടകത്തിലുപരി.
അവസാനം അവിടന്നിറങ്ങുമ്പോൾ മനസ്സിലുണ്ടായിരുന്നത് “പെങ്ങളേ, ഞങ്ങൾക്കും മാനമുണ്ട്, ”
പെങ്ങളേ, ശരിയാണു, കാലം ശരിയല്ല,ഞാനുൾപ്പെടുന്ന സമൂഹവും. പക്ഷെ ഒന്നോർക്കണം, സ്പർശനത്തിനു ലൈംഗികതയുടെ മാനം മാത്രമല്ല ഉള്ളത്...
ബസ് കൺക്ലൂഷൻ : ഇങ്ങനെയൊരു സാഹചര്യത്തിൽ ദിങ്ങനെയൊരു നിലപാടെടുത്തതുകൊണ്ട്, ഞാൻ സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളിൽ കയ്യും കെട്ടി നോക്കി നിക്കുന്നവൻ മാത്രമല്ല, അവർ പീഡിപ്പിക്കപ്പെടുന്നതിൽ അതിയായി സന്തോഷിക്കുന്ന ഒരു മാനസികരോഗി കൂടി ആണു.
ലേബൽസ് : എം.സി.പി