ഇങ്ങനെയും ഒരു ഗതികേട്...!
ശ്രീമതിയ്ക്ക് പോലീസ് സൂപ്രണ്ട് ഓഫീസിലെ ഒരു തസ്തികയിലേക്ക് ബുധനാഴ്ച നടക്കുന്ന ഇന്റർവ്യൂവിന് മെമ്മോ കിട്ടിയത് ഈ ശനിയാഴ്ച.
വേണ്ടത് പ്രധാനമായും ക്രീമിലെയർ സർട്ടിഫിക്കേറ്റ്. ഇന്ന് രാവിലെതന്നെ ചെറിയനാട് വില്ലേജ് ഓഫീസിൽ ചെന്നപ്പോൾ ഓഫീസർ അവൾ ജനിച്ച അടൂരിൽ ഉള്ള വില്ലേജ് ഓഫീസിൽ നിന്നും എഴുതി വാങ്ങിവരാൻ പറഞ്ഞയച്ചു. അതു പ്രകാരം 2 വയസ്സുള്ള ഇളയ മകളേയും കൂട്ടി എസ്.എസ്.എൽ.സി, ഇലക്ഷൻ കമ്മീഷൻ ഐ.ഡി കാർഡ് മുതലായ തിരിച്ചറിയൽ രേഖകളുമായി അവൾ അവിടുത്തെ വില്ലേജോഫീസിൽ രാവിലെ 10.30 ന് എത്തി. അവിടുത്തെ സ്ത്രീയായ ഓഫീസർ അതുപരിശോധിച്ച് യു.ഡി.സിയാണ് അതോറിറ്റി, അദ്ദേഹം ഒപ്പിടണമെന്ന് പറഞ്ഞ് ഫയൽ അങ്ങോട്ടു വിട്ടു. കക്ഷി കണ്ടപാടെ തന്നെ പോയി ഒരാഴ്ച കഴിഞ്ഞ് വരാൻ അറിയിച്ചു. ബുധനാഴ്ച നടക്കുന്ന ഇന്റർവ്യൂവിലേക്കാണ് ഇന്നു തന്നെ കിട്ടിയേ പറ്റൂ എന്ന് അറിയിച്ചപ്പോൾ എന്നാൽ നാളെ വാ എന്നു പറഞ്ഞു. കുഞ്ഞിനേയും കൊണ്ട് അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്ര ബുദ്ധിമുട്ടാണ് ഇന്നു തന്നെ ഒപ്പിട്ടു നൽകണമെന്ന് അപേക്ഷിച്ചപ്പോൾ പോയി റേഷൻ കാർഡ് കൊണ്ടുവരാൻ പറഞ്ഞു. അവിടെ നിന്നും 4 കി.മീ ദൂരെയുള്ള വീട്ടിൽ പോയി റേഷൻ കാർഡുമായി എത്തിയപ്പോൾ പറയുന്നു അതിന്റെ 3 ഫോട്ടോ കോപ്പി എടുത്തുകൊണ്ടുവരാൻ (ഈ നാറിക്കിത് നേരത്തേ പറയരുതായിരുന്നോ). പിന്നെയും കുഞ്ഞിനേയും കൊണ്ട് ആ വെയിലത്ത് അടുത്ത് വണ്ടിയിൽ കയറി ഹൈസ്കൂൾ ജംഗ്ഷനിൽ പോയി ഫോട്ടോ കോപ്പി എടുത്തു കൊണ്ടുവന്നു കൊടുത്തപ്പോൾ പറയുന്നു മണി പന്ത്രണ്ടു കഴിഞ്ഞു, ഊണു കഴിക്കാൻ പോവുകയാണ് അതു കഴിഞ്ഞു വരാൻ (എന്നാൽ അതിനുശേഷം വന്ന പല ആളുകളുടേയും കാര്യങ്ങൾ കക്ഷി ചെയ്തു കൊടുക്കുന്നുമുണ്ട്) പല തവണ പോക്കറ്റിൽ കയ്യിട്ട് കാശുയർത്തിക്കാണിച്ചെന്ന് അവൾ ഞാൻ വിളിച്ചപ്പോൾ പറഞ്ഞു. ‘തുട്ട്’ ആണ് ലക്ഷ്യം എന്നുമനസ്സിലായെങ്കിലും 5 ന.പൈ. കൊടുക്കരുത് എന്ന് ഞാൻ കർശനമായി പറഞ്ഞു. വീണ്ടും കുഞ്ഞിനേയും കൊണ്ട് അവൾ വീട്ടിലെത്തി ആഹാരം കഴിഞ്ഞ് 1.30 ആയപ്പോൾ വീണ്ടും വില്ലേജോഫീസിൽ എത്തി. എന്നാൽ ഊണു കഴിഞ്ഞ് കക്ഷി വന്നത് 3 മണിക്ക്!! കണ്ടപാടെ മൈൻഡ് ചെയ്തില്ല. മറ്റാളുകളുടെയെല്ലാം കാര്യങ്ങൾ അതീവ ശുഷ്കാന്തിയോടെ ചെയ്തുകൊടുത്തു. പിന്നെയും സമീപിച്ച അവളോട് എവിടാണ് എന്താണ് എന്നുള്ള വിവരങ്ങൾ ഒക്കെ തിരക്കി. അവളുടെ കൂട്ടുകാരി ഒരു വെണ്ടറുടെ വിവരം പറഞ്ഞപ്പോൾ അയാൾ തന്നെ അയാളുടെ ഫോണിൽ നിന്നും അതിനെ വിളിച്ച് ഇവളെക്കുറിച്ച് ആരായുകയും ആ ഫോൺ ഇവൾക്കു കൊടുക്കുകയും ചെയ്തു. കൂട്ടുകാരി ഉപദേശിച്ചത് അയാൾക്ക് പൈസാകൊടുക്കണം എന്നാണ്. എന്നാൽ ഞാൻ ഈ വിവരമറിഞ്ഞപ്പോൾ കൊടുക്കേണ്ടകാര്യമില്ല എന്നു തീർത്തു പറഞ്ഞു. അവൾ പൈസാ കൊടുക്കുന്ന ലക്ഷണമില്ലെന്ന് കണ്ടപ്പോൾ പോയി കരമടച്ച രസീത് കൊണ്ടുവരാൻ ആവശ്യപ്പെട്ടു (ഇത് അയാൾ ആദ്യം പറഞ്ഞില്ല) വീണ്ടും കുഞ്ഞുമായി വീട്ടിലേക്ക്!!! 4 മണിയായപ്പോൾ കരമടച്ച രസീത് കാണിച്ചു. പിന്നെയും മുട്ടിയും മൂളിയും അയാൾ നിന്നു. അവസാനം അവൾ വില്ലേജ് ഓഫീസറെ കണ്ട് കുഞ്ഞുമായി രാവിലെ മുതൽ നിൽക്കുന്നതാണെന്ന് അറിയിച്ചിട്ടിട്ടും അവർ കൈ മലർത്തി. ഒടുവിൽ വളരെ ദേഷ്യപ്പെട്ട് 4.30 ആയപ്പോൾ അയാൾ തിലകം ചാർത്തി പ്രസ്തുത സർട്ടിഫികേറ്റ് കൊടുത്തു.
അവിടെ നിന്ന തീരെ അവശയായ ഒരു വൃദ്ധ ഇറങ്ങാൻ നേരം അവളോട് പറഞ്ഞു ‘തീരെ വയ്യ മോളേ, ഇങ്ങേരെന്നെ ആറേഴു ദിവസമായിട്ട് നടത്തിക്കുവാ, ഇതുവരെയും ആ പേപ്പർ ശരിയാക്കിത്തന്നില്ല’ എന്ന്!!!
ഈ തോന്ന്യാസം കാണിച്ചത് അൽപ്പം പ്രായമുള്ള ആളായിരുന്നെങ്കിൽ പോട്ടേ എന്ന് വയ്ക്കാമായിരുന്നു. എന്നാൽ പത്തു മുപ്പത്തഞ്ചു വയസ്സിൽ താഴെയുള്ള ഒരു ചെറുപ്പക്കാരനാണ് ഇങ്ങനെ കഷ്ടപ്പെടുത്തിയതെന്നോർക്കുമ്പോൾ പുരോഗമന ചിന്താഗതിയും ജോലിയോട് ആത്മാർത്ഥതയും പ്രതിബദ്ധതയുമുണ്ടാവേണ്ട തലമുറയിലും കൈക്കൂലി ശക്തമായി വേരൂന്നിയിരിക്കുന്നു എന്നു മനസ്സിലാകുന്നു. ഇങ്ങനെ എത്രയോ ആളുകളെ ഇത്തരം സർക്കാർ ഉദ്യോഗസ്ഥൻമാർ ദിനവും കഷ്ടപ്പെടുത്തുന്നു, പിഴിയുന്നു....
കഷ്ടമെന്നല്ലാതെ എന്തു പറയാൻ...!!!