ഇന്നലത്തെ വെടിവയ്പ്പ് സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ മെയിലിലും ഫോണ്‍ വഴിയും കിട്ടി. ഇതില്‍ എനിക്കറിയാവുന്ന കാര്യങ്ങള്‍:
ജനത്തിനു സംഘടിക്കാനും പ്രതിഷേധിക്കാനും അവകാശമുണ്ടോ?
സാധാരണ ഗതിയില്‍, ആയുധം ധരിക്കാതെ സംഘടിക്കാനും പ്രതിഷേധിക്കാനും അവകാശം ഉണ്ട്. (ഭരണഘടന - അടിസ്ഥാന മനുഷ്യാവകാശം 19(1) (b)
എന്താണ് കുറ്റകരമായ കൂട്ടം ചേരല്‍?
സംഘടിച്ച് കുറ്റകൃത്യം ചെയ്യല്‍, സംഘടിച്ച് സര്‍ക്കാര്‍ ജീവനക്കാരെയോ നിയസഭ, രാജ്യസഭ ലോക് സഭ എന്നിവയെയോ അതിന്റെ ഡ്യൂട്ടിയില്‍ നിന്ന് തടയല്‍, സംഘടിച്ച് സ്വത്തുവകകള്‍ കയ്യേറല്‍, സംഘടിച്ച് മറ്റുള്ളവരുടെ പൊതു ജീവിതം തടസ്സപ്പെടുത്തല്‍, നിയമം നടപ്പാക്കല്‍ ചെറുക്കല്‍, മേല്‍പ്പറഞ്ഞവ ഏതെങ്കിലും ചെയ്യാന്‍ മറ്റുള്ളവരെ നിര്‍ബന്ധിക്കല്‍ എന്നിവ ചെയ്യുന്ന കൂട്ടം ചേരല്‍ കുറ്റകരമായ കൂട്ടം ചേരലാണ്. (ഐ പി സി 141)
കുറ്റകരമായ കൂട്ടം ചേരലിനു നേരേ പോലീസിനു ബലം പ്രയോഗിക്കാമോ? അതിനെന്തെങ്കിലും നിയന്ത്രണമുണ്ടോ?
അഞ്ചിലധികം വരുന്ന ജനം കുറ്റകരമായി കൂട്ടം ചേരുകയും, പോലീസ് ഉത്തരവിന് പടി പിരിഞ്ഞു പോകാതിരിക്കുകയും പിരിഞ്ഞു പോകാന്‍ ഉദ്ദേശമില്ലെന്ന് വ്യക്തമാകുകയും ചെയ്താല്‍ മജിസ്ട്രേറ്റിന്റെയോ പോലീസ് സ്റ്റേഷന് അധികാരിയുടെയോ സമ്മതം വാങ്ങിയിട്ട് ബലപ്രയോഗം നടത്താവുന്നതാണ്. (CrPc129). അത്തരത്തില്‍ ബലപ്രയോഗം വേണ്ടിവന്നാല്‍ സ്ഥലത്തുള്ള ഏറ്റവും ഉയര്‍ന്ന അധികാരിയുടെ നേതൃത്വത്തില്‍ ജനക്കൂട്ടത്തിനും സ്വത്തു വകകള്‍ക്കും ഏറ്റവും കുറച്ച് പരിക്കുകളും കേടുപാടും ഉണ്ടാവുന്ന, അതേ സമയം ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ മാത്രം ശക്തമായതുമായ ബലപ്രയോഗം നടത്താവുന്നതാണ്. (CrPC 130)
പോലീസിനു സ്വയരക്ഷാര്‍ത്ഥം വെടി വയ്ക്കാമോ?
മരണമോ മാരകമായ മുറിവോ തടയാന്‍ ഏതു പൗരനും ഉള്ള അവകാശത്തിനപ്പുറം പ്രത്യേകിച്ച് അധികാരമൊന്നും സര്‍ക്കാര്‍ ഫോഴ്സിനില്ല (ഐ പി സി 99)
ബലപ്രയോഗം സംബന്ധിച്ച് കേരളാ പോലീസിനുള്ള ചട്ടം എന്താണ്?
മേല്‍പ്പറഞ്ഞ നിയമങ്ങളൊക്കെ ബാധകമാണ്.
ഇതിനെല്ലാം വിധേയമായി, കേരളാ പോലീസ് പാലിക്കേണ്ട ചട്ടങ്ങള്‍:
1. സമാധാനം തകര്‍ക്കുന്ന ജന നടപടി ഉണ്ടായാലോ ഉണ്ടാകുമെന്ന് വിവരം കിട്ടിയാലോ പോലീസ് മജിസ്ട്രേട്ടിനെ വിവരം അറിയിക്കേണ്ടതാണ്
2. ബലപ്രയോഗം വേണോ എന്നതും എന്തു തരമായിരിക്കണം എന്നതും മജിസ്റ്റ്ട്രേട്ട് ആണ് തീരുമാനിക്കുക
3. എന്തു തരം ബലപ്രയോഗം എന്നത് മജ്സ്ട്രേറ്റ് തീരുമാനിച്ചാല്‍ അത് എത്രത്തോളം വേണം എന്നത് സ്ഥലത്തുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്/സ്ഥ തീരുമാനിക്കും
4. എത്രത്തോളം കുറച്ച് ബലപ്രയോഗം വഴി ജനത്തെ പിരിച്ചു വിടാന്‍ കഴിയുമോ അത്രത്തോളം മാത്രമേ പാടുള്ളൂ.
5. ബലപ്രയോഗം ഏറ്റവും കുറഞ്ഞതില്‍ നിന്ന് ഏറ്റവും കൂടിയതിലേക്ക് ക്രമേണ മാത്രമേ പാടുള്ളൂ. കണ്ണീര് വാതകം, ലാത്തി പ്രയോഗം എന്നിവയില്‍ അടങ്ങാത്ത ജനത്തിനു നേരേ അവസാന പ്രയോഗമായി മാത്രമേ വെടി വയ്ക്കാവൂ.
6. സാധാരണ, വിഷവസ്തുവില്ലാത്ത, സ്ഥിര കേടുകള്‍ വരുത്താത്ത കണ്ണീര് വാതകം മാത്രമേ ഉപയോഗിക്കാവൂ.
7. ജനക്കൂട്ടം വളരെ വലുതും കണ്ണീര് വാതക പ്രയോഗത്തില്‍ പിരിഞ്ഞു പോകാത്തവരും ആണെങ്കില്‍ മാത്രം ലാത്തിച്ചാര്‍ജ്ജ് നടത്താം.
8. ഉടനടി പിരിഞ്ഞു പോയില്ലെങ്കില്‍ ലാത്തിച്ചാര്‍ജ്ജ് ഉണ്ടാകുമെന്നു മുന്നറിയിപ്പ് നല്‍കിയിട്ടും ജനം പിരിഞ്ഞു പോയില്ലെങ്കിലേ ലാത്തിച്ചാര്‍ജ്ജ് ആരംഭിക്കാവൂ.
9. ലാത്തിച്ചാര്‍ജ്ജ് ആരംഭിക്കുന്നു എന്ന സൂചനയായി ബ്യൂഗിള്‍ മുഴക്കിയോ വിസില്‍ ഊതിയോ വ്യക്തമായി ജനത്തെ അറിയിച്ച ശേഷമേ ലാത്തിച്ചാര്‍ജ്ജ് തുടങ്ങാവൂ. എന്നാല്‍ ജനക്കൂട്ടത്തിന്റെയോ അവസ്ഥയുടെയോ പ്രത്യേകത നിമിത്തം ഇത് സാധ്യമല്ലെങ്കില്‍ വേണമെന്നില്ല.
10. ലാത്തിയടി ശരീരത്തിന്റെ മാംസളഭാഗങ്ങളില്‍ ആയിരിക്കണം. തലയ്ക്കോ തോളെല്ലിനോ അടിക്കാനോ മുറിപ്പെടുത്താനോ (കഴിവിന്റെ പരമാവധിയും) പാടില്ല
11. ലാത്തിച്ചാര്‍ജ്ജ് തുടങ്ങിയാല്‍ ജനം പൂര്‍ണ്ണമായും പിരിയുന്നതു വരെ അവസാനിപ്പിക്കരുത്.
12. ലാത്തിച്ചാര്‍ജ്ജിലും ജനം പിരിഞ്ഞു പോകാന്‍ വിസമ്മതിക്കുകയാണെങ്കില്‍ മജിസ്റ്റ്റേട്ടിനോ സ്ഥലത്തെ ഏറ്റവും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനോ വെടിവയ്പ്പിനു ഉത്തരവിടാം.
13. വ്യക്തമായും മറ്റുള്ളവയോട് കൂട്ടിച്ചേര്‍ക്കാതെ വേര്‍തിരിച്ചും വെടിവയ്ക്കുമെന്ന മുന്നറിയിപ്പ് ജനത്തിനു നല്‍കിയിരിക്കണം
14. ഈ മുന്നറിയിപ്പിലും ജനം പിരിഞ്ഞു പോകുകയോ പോകാനുള്ള ലക്ഷണം കാണിക്കുകയോ ചെയ്തില്ലെങ്കില്‍ വെടിവയ്പ്പ് നടത്താന്‍ സ്റ്റേഷന് അധികാരിയോ അധികാരി സ്ഥലത്തില്ലെങ്കില്‍ കുറഞ്ഞത് എസ് ഐ റാങ്കുള്ള ഉദ്യോഗസ്ഥനോ ഫയര്‍ കമാന്‍ഡ് കൊടുക്കാം. ഫയര്‍ കമാന്‍ഡ് ഇല്ലാതെ പോലീസ് വെടി വയ്ക്കരുത്.
15. ആകാശത്തേക്ക് മുന്നറിയിപ്പായി വെടിവയ്ക്കാന്‍ പാടില്ല.
16. ജനക്കൂട്ടത്തിന്റെ ശരീരത്തിന്റേ ഏറ്റവും താഴ്ന്ന ഭാഗത്തേക്കേ ഉന്നം പിടിക്കാവൂ, അതുവഴി മരണം കഴിവതും ഒഴിവാക്കുക.
17. ജനക്കൂട്ടത്തില്‍ ഏറ്റവും അക്രമകാരികളുടെ നേരേയേ നിറയൊഴിക്കാവൂ.
18. ജനം പിരിഞ്ഞു പോകുന്നതിന്റെ എന്തെങ്കിലും ലക്ഷണം കാണിച്ചാല്‍ ക്ഷണം നിറയൊഴിപ്പ് നിര്‍ത്തണം.
19. വെടിവയ്പ്പിനു ശേഷം പോലീസ് മുറിവേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള എല്ലാ സന്നാഹവും ചെയ്യണം.
20. സംഭവസ്ഥലത്ത് സമാധാനം പുലരുന്നു എന്ന് ഉറപ്പ് വരുത്തിയ ശേഷമേ പോലീസ് സ്ഥലത്തു നിന്ന് പോകാവൂ.
21. വെടിവയ്പ്പിന്റെ പരിപൂര്‍ണ്ണ വിവരം സ്റ്റേഷന് ഡയറിയില്‍ ഉണ്ടായിരിക്കണം. ഇതില്‍ സ്ഥലം, സമയം, ഉത്തരവുകള്‍, സംഭവങ്ങള്‍ എന്നിവ ഉണ്ടായിരിക്കണം. വെടിയുതിര്‍ത്ത എല്ലാ പോലീസുകാരും പ്രത്യേകം പ്രത്യേകം ഡയറി റിപ്പോര്‍ട്ട് എഴുതണം.
22. എത്ര ഉണ്ടയുണ്ടായിരുന്നു ഇവയില്‍ എത്ര നിറ തീര്‍ന്നു എന്നിവ രേഖപ്പെടുത്തുകയും കൈവശമുള്ള ബാക്കി പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം.
Kerala Police Manual, 1970